രണ്ട് ഇന്നിങ്സിലുമായി നാല് വ്യത്യസ്ത ബാറ്റര്‍മാര്‍ അഞ്ചു സെഞ്ചുറികളടക്കം 835 റണ്‍സ് നേടിയിട്ടും ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് ആരാധകരെ ഞെട്ടിച്ചു. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ച് കയറിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ലക്ഷ്യം അനായാസം മറികടന്നു. സ്കോര്‍: ഇന്ത്യ -471-364, ഇംഗ്ലണ്ട് -465 – 373.
344 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് ഓപണര്‍മാര്‍ കരുതലോടെ ബാറ്റുവിശീയപ്പോള് വിക്കറ്റ് വീഴ്ത്തി മേല്‍ക്കൈ ഉറപ്പിക്കാനുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ ശ്രമങ്ങള്‍ വിഫലമായി. ഒരുവശത്ത് ബെന്‍ ഡക്കറ്റ് ഏകദിന ശൈലിയില്‍ ബാറ്റുവീശി റണ്ണുയര്ത്തിയപ്പോള് സാക് ക്രോളി ഒട്ടും തിടുക്കം കാട്ടാതെ വിക്കറ്റ് കാത്ത് കൂടെ നിന്നു. 121 പന്തിലായിരുന്നു ഡക്കറ്റിന്റെ സെഞ്ച്വറി. ടെസ്റ്റില്‍ ഇരുവരുടെയും കൂട്ടുകെട്ട് 2000 റണ്‍സ് എന്ന നേട്ടവും പിന്നിട്ടു.
16.2 ഓവറില്‍ 50 പിന്നിട്ട ഇംഗ്ലണ്ട് 25ാം ഓവറില്‍ 100ഉം 36ല്‍ 150ലുമെത്തി. ഒടുവില്‍ പ്രസിദ്ധ് കൃഷ്ണയെത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. കെ.എല്‍ രാഹുലിന്റെ കൈളിലെത്തിച്ച് ക്രോളി മടങ്ങുമ്പോള്‍ 65 റണ്‍സായിരുന്നു സമ്പാദ്യം.
44ാം ഓവറില്‍ 200 തൊട്ട ഇംഗ്ലണ്ടിന് പക്ഷേ, പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ച ബാധിച്ചു. ഇതോടെ ഇന്ത്യ കളിയില്‍ തിരിച്ചെത്തിയെന്ന തോന്നിച്ചെങ്കിലും ജോ റൂട്ടും നായകന് ബെന്സ്റ്റോക്സും ചേര്‍ന്ന് ആ പ്രതീക്ഷയും കെടുത്തി. 51 പന്തില്‍ 33 റണ്‍സെടുത്ത സ്റ്റോക്സ് ജദേജയുടെ പന്തില്‍ പുറത്താകുമ്പോള്‍ സ്കോര്‍ 302 കടന്നിരുന്നു. തുടര്‍ന്നെത്തിയ ജാമീ സ്മിത്തിനെ കൂട്ടുനിര്‍ത്തി സ്റ്റോക്സ് (53) അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. തകര്‍ത്തടിച്ച് ജാമി സ്മിത്തും (44) കളി അനായാസം വരുതിയിലാക്കി. ഇന്ത്യക്കായി ഷാര്‍ദുല്‍ താക്കൂറും പ്രസിദ്ധ് കൃഷ്ണയും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.
പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു കീഴില്‍ ബാറ്റിങ്ങില്‍ മികച്ച തുടക്കമിട്ടിട്ടും ഹെഡിങ്ലിയിലെ ലീഡ്സില്‍ ആദ്യ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റു. ഏഴു സെഷനുകളോളം മുന്നിട്ടു നിന്ന ടെസ്റ്റിലാണ് ഇന്ത്യ തോറ്റതെന്നതാണ് ആരാധകരെ ഞെട്ടിച്ചത്. പലതവണ മത്സരത്തില്‍ കിട്ടിയ മുന്‍തൂക്കം ഇന്ത്യ തുലച്ചുകളയുകയായിരുന്നു. ബാറ്റിങ് തകര്‍ച്ചയും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും വിചാരിച്ച മൂര്‍ച്ച ഇന്ത്യന്‍ ബൗളിങ്ങിന് ഇല്ലാതെ പോയതുമെല്ലാം ടീമിനെ പിന്നോട്ടടിച്ചു. നാലാം ഇന്നിങ്സില്‍ 371 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം നേടിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നു- എവിടെയാണ് പിഴച്ചത്.