രാജ്ഭവനില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടി ഏന്തിയ ഭരതാംബാ ചിത്രം ഉപയോഗിക്കുന്നതില്‍ സര്‍ക്കാരിനുള്ള കടുത്ത എതിര്‍പ്പ് ഗവര്‍ണറെ മുഖ്യമന്ത്രി രേഖാമൂലം അറിയിക്കും. മന്ത്രിസഭയാണ് ഈ തീരുമാനമെടുത്തത്. സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും മറ്റ് ചിഹ്നങ്ങള്‍ ഉയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്കുന്ന കത്തിലുണ്ടാകും. രാജ്ഭവനില്‍ വെച്ചു നടക്കുന്ന സംസ്ഥാനത്തിന്റെ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ പുറമെ മറ്റ് ചിഹ്നങ്ങള്‍ പാടില്ല അത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് സര്‍ക്കാര്‍ കത്തില്‍ ഉന്നയിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരിട്ട് അറിയിക്കാനാണ് മന്ത്രിസഭാ തീരുമാനമെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ അത് കത്തായി ഗവര്‍ണര്‍ക്ക് നല്‍കിയേക്കുമെന്നാണ് വിവരം.
ഔദ്യോഗിക പരിപാടികളില്‍ ഭാരതാംബ ചിത്രം ഉണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയ രാജ്ഭവന് പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയും തുടര്‍ന്നും ഭാരതാംബ ചിത്രം വെക്കുകയും ചെയ്തതിനോട് മന്ത്രി ശിവന്‍കുട്ടി രൂക്ഷമായി പ്രതികരിക്കുകയും ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൗരവതരമായ ചര്‍ച്ചകളിലേക്ക് കടന്നത്. മന്ത്രിമാരുമായി കൂടിയാലോചിച്ച വിഷയത്തില്‍ മുഖ്യമന്ത്രി നിയമോപദേശം തേടി. രാജ്ഭവനില്‍ വെച്ച് നടക്കുന്ന സര്‍ക്കാരിന്റെ ഏതെങ്കിലും പരിപാടികളില്‍ ഏതൊക്കെ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും എന്ന വിഷയത്തിലാണ് നിയമോപദേശം തേടിയത്. അതിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശവും റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ രേഖാമൂലം എതിര്‍പ്പ് അറിയിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.