അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും സാരമായ കേടുപാടുകളുണ്ടായെന്ന് സമ്മതിച്ച് ഇറാന്‍ വിദേശകാര്യ വക്താവ്. ആക്രമണം അടിസ്ഥാന സൗകര്യങ്ങള്‍ക്കു മാത്രമല്ല, നയതന്ത്ര ശ്രമങ്ങള്‍ക്കും കാര്യമായ തിരിച്ചടിയാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മാഈല്‍ ബഗായി പറഞ്ഞു. ‘ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളെ തുടര്‍ന്ന് ഞങ്ങളുടെ ആണവ സംവിധാനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു എന്നത് ഉറപ്പാണ്’ -ബഗായി അല്‍ജസീറയോട് പറഞ്ഞു. ആണവ കേന്ദ്രങ്ങളുടെ നാശനഷ്ടവുമായി ബന്ധപ്പെട്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇറാന്റെ സ്ഥിരീകരണം.

അതേസമയം, ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ഇന്റലിജന്‍സ് വെളിപ്പെടുത്തലിനെതിരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ത്തിട്ടുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക നീക്കത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും ട്രംപ് ‘എക്‌സി’ല്‍ കുറിച്ചു.
‘ഞാന്‍ ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഉദാഹരണം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, യുദ്ധം അവസാനിപ്പിക്കാന്‍ കാരണമായത് അതായിരുന്നു. ഞങ്ങള്‍ അവരുടെ (ഇറാന്റെ) ആണവകേന്ദ്രങ്ങള്‍ തകര്‍ത്തില്ലായിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും യുദ്ധം ചെയ്യുമായിരുന്നു’, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ മുന്‍നിര്‍ത്തി ട്രംപ് പറഞ്ഞു.

ഇറാനില്‍ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലുള്ള ആണവ കേന്ദ്രങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് കനത്ത പ്രഹമേല്‍പിച്ചതായാണ് യു.എസ് ലോകത്തെ അറിയിച്ചിരുന്നത്. കോണ്‍ക്രീറ്റിനടിയില്‍ 18 മീറ്റര്‍ ആഴത്തിലും ഭൂമിക്കടിയില്‍ 61 മീറ്റര്‍ ആഴത്തിലും കടന്നുചെന്ന് ഉഗ്രസ്‌ഫോടനം നടത്താന്‍ ശേഷിയുള്ളവയാണ് തങ്ങളുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളെന്നും അമേരിക്ക അവകാശപ്പെട്ടിരുന്നു.
ഫോര്‍ദോ ആണവകേന്ദ്രം യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിലും തകര്‍ന്നില്ലെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഫോര്‍ദോ ആണവ കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മാക്സര്‍ ടെക്നോളജീസ് ആക്രമണം നടന്ന സ്ഥലത്തെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ആക്രമണത്തിന് മുമ്പുള്ള ദൃശ്യങ്ങളിലുള്ള നിര്‍മാണങ്ങള്‍ അതേപടി കാണാന്‍ കഴിയുന്നുണ്ട്.