മോഹന്‍ലാലിന് പകരക്കാരനായി താരസംഘടനയായ അമ്മയുടെ നേതൃസ്ഥാനത്തേക്ക് എല്ലാവര്ക്കും സ്വീകാര്യനായി ഉയര്‍ന്നുവന്നരിക്കുന്നത് കുഞ്ചാക്കോ ബോബനാണെന്ന് സൂചന. സംവിധായകന് ആലപ്പി അഷ്റഫാണ് തന്റെ യൂട്യൂബ് ചാനലില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പീഡനക്കേസില്‍പ്പെട്ട സിദ്ദിഖ് യോഗത്തില്‍ പങ്കെടുത്താല്‍ ബോയ്കോട്ട് ചെയ്യണമെന്നായിരുന്നു ചില നടിമാരുടെ രഹസ്യധാരണ. അതറിഞ്ഞതുകൊണ്ടായിരിക്കാം സിദ്ദിഖ് ഇത്തവണ യോഗത്തില്‍ എത്താത്തത്.
അമ്മ സംഘടനയുടെ പേര് കളങ്കപ്പെടുത്തിയത് ചില അധികാരമോഹികളുടെ അത്യാഗ്രവും അഴിമതിയുമാണ്. ഇതിന് മറയാക്കിയത് മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമാണ്. ഇത് മനസിലാക്കിയതുകൊണ്ടായിരിക്കാം ഫഹദ്ഫാസില്‍,പൃഥ്വിരാജ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്,ടൊവിനോയും നേതൃത്വം വഹിക്കാന്‍ മുന്നോട്ട് വരാത്തതെന്ന് അഷ്റഫ് പറയുന്നു.
ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും പ്രതീക്ഷയെ തകിടം മറിക്കുന്ന തീരുമാനമാണ് മോഹന്‍ലാല്‍ അമ്മ താരസംഘടനയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്തത്. മോഹന്‍ലാലിന്റെ ഈ തീരുമാനം അഭിനന്ദാര്‍ഹമാണ്. അമ്മയിലെ അംഗങ്ങള്‍ക്ക് തുല്യനീതി ലഭിക്കുന്നുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. ചില മനുഷ്യത്വരഹിതമായ സംഭവങ്ങളും അടുത്തിടെ അമ്മയില്‍ നടന്നിരുന്നു. സംഘടനയുടെ ഉളളില്‍ നിന്ന് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ പലര്‍ക്കും ഭയമായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പലരും മാറി ചിന്തിക്കാന്‍ തുടങ്ങുകയായിരുന്നു.
മോഹന്‍ലാലിനെ മുന്നില്‍ നിര്‍ത്തിയുളള വൃത്തികെട്ട നാടകങ്ങളൊന്നും ഇനി നടക്കുമെന്ന് തോന്നില്ല. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ മോഹന്‍ലാല്‍ ഇപ്പോള്‍ ഉറച്ച തീരുമാനത്തില്‍ നിലകൊളളുകയാണ്. അതിന്റെ പരിണിത ഫലമായാണ് സെപ്റ്റംബറില്‍ അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ജയന് ചേര്‍ത്തലയും ബാബു രാജും തിരഞ്ഞെടുപ്പില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും അഷ്റഫ് പറഞ്ഞു.









