നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ കേരളത്തില്‍ 950 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കോടതിയെ അറിയിച്ചു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് എന്‍ഐഎ കോടതിയില്‍ ഹിറ്റ്ലിസ്റ്റ് ഉള്ള കാര്യം അറിയിച്ചത്. ജില്ലാ ജഡ്ജിയും രാഷ്ട്രീയ നേതാക്കളും ഹിറ്റ് ലിസറ്റില്‍ ഉള്പ്പെട്ടിട്ടുണ്ടെന്നാ് എന്‍എ പറയുന്നു.
കൊല്ലാനോ ഉപദ്രവിക്കാനോ ഉള്ളവരുടെ ലിസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിവിധ കേസുകളില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നാണ് ലഭിച്ചതെന്ന് എന്‍ഐഎ വ്യക്തമാക്കി. എന്‍ഐഎ അറസ്റ്റ് ചെയ്തയ സിറാജുദ്ദീന്, ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അബ്ദുള്‍ വഹദ്, അയൂബ് എന്നിവരുടെ പക്കല്‍ നിന്നും ലിസ്റ്റിലുള്ളവരുടെ പട്ടിക ലഭിച്ചിട്ടുണ്ട്. സിറാജുദ്ദീനില്‍നിന്ന് 240 പേരുടെ പട്ടികയും അബ്ദുള്‍ വഹദില്‍നിന്ന് 5 പേരുടെയും മറ്റൊരാളില്‍നിന്ന് 232 പേരുടെയും അയൂബിന്റെ പക്കല്‍നിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു. തങ്ങളുടെ സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളെയാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഹിറ്റ്ലിസ്റ്റില് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റില്‍ ഉള്ളവരെ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായും അവര്‍ കോടതിയെ അറിയിച്ചു.
ജാമ്യഹര്‍ജി നല്കിയ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും തങ്ങള്‍ നിരപരാധികളാണെന്നാണ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യ ഹര്‍ജികള്‍ തളളുകയായിരുന്നു.