വ്യാജ ബോംബ് ഭീഷണി: സന്ദേശങ്ങള്‍ അയച്ച യുവതി പിടിയിൽ;കാരണം പ്രണയപ്പക

ചെന്നൈ : പ്രണയപ്പകയുടെ പേരില്‍ രാജ്യമെമ്പാടും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച യുവതി പിടിയിൽ. ഒപ്പം ജോലി ചെയ്തിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിന്റെ പേരില്‍ രാജ്യമെമ്പാടും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി ആരോപിക്കപ്പെടുന്ന സംഭവത്തില്‍, തമിഴ്‌നാട് ചെന്നൈ സ്വദേശിയും റോബോട്ടിക്‌സ് എഞ്ചിനീയറുമായ റെനെ ജോഷില്‍ഡയെ (26) അഹമ്മദാബാദ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി, നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ. മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്ക് 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ചെന്നൈയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ എഞ്ചിനീയറാണ് അറസ്റ്റിലായ റെനെ ജോഷില്‍ഡ. തന്റെ മുൻ സഹപ്രവർത്തകനായ യുവാവിനെ കുടുക്കുക എന്നതായിരുന്നു ഈ വ്യാജ ഭീഷണികള്‍ക്ക് പിന്നിലെ പ്രധാന ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. ജർമ്മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു ഇവർ ഇമെയിലുകള്‍ അയച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ സൈബർ പൊലീസിന്റെ സഹായത്തോടെ അഹമ്മദാബാദ് പൊലീസ് അന്വേഷണം വിപുലമാക്കിയതായും വിവരമുണ്ട്.

ഗുജറാത്തിലെ ഒരു സ്കൂളിലേക്ക് അയച്ച ബോംബ് ഭീഷണി സന്ദേശത്തില്‍, 2023-ല്‍ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നതായി പൊലീസ് പറയുന്നു. ഈ കേസില്‍ ദിവിജിന് പങ്കുണ്ടെന്നും സന്ദേശത്തില്‍ ആരോപിച്ചിരുന്നു. ഈ പരാമർശമാണ് അന്വേഷണത്തില്‍ നിർണ്ണായക വഴിത്തിരിവായതെന്ന് പൊലീസ് ജോയിന്റ് കമ്മീഷണർ ശരത് സിംഘാള്‍ മാധ്യമങ്ങളെ അറിയിച്ചു.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ബോംബ് വെച്ച്‌ തകർക്കുമെന്ന് 23 തവണയാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. മതപരമായ ചടങ്ങുകളിലും വി.ഐ.പി.കളുടെ സന്ദർശന പരിപാടികളിലും ഇവർ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പൊലീസ് പറയുന്നു. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഡല്‍ഹി, തെലങ്കാന, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെനെ ജോഷില്‍ഡ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തിയെന്നും ഇത് രാജ്യമെമ്ബാടും വലിയ ആശങ്കകള്‍ക്ക് വഴിവെച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *