ഖത്തർ നിർണായക ഘടകം
ടെല്‍ അവീവ്: നീണ്ട 12 ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ താൽക്കാലിക വെടിനിർത്തൽ അംഗീകരിച്ചു. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇറാൻ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു.
ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജസ്സിം അല്‍ താനിയുമായി സംസാരിച്ച് ഇറാന്‍ വെടിനിര്‍ത്തലിന് അംഗീകരിക്കുകകായിയിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും നെതന്യാഹു നന്ദി അറിയിച്ചു. പ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും നന്ദി പറയുന്നതായി നെതന്യാഹു പ്രസ്താവനയില്‍ അറിയിച്ചു.
ഇറാനെ ആക്രമിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഫലം കണ്ടതിന് ശേഷമാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്ന് ഇസ്രയേലിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ സൈനിക നേതൃത്വത്തെയും നിരവധി കേന്ദ്രങ്ങളെയും ആക്രമിച്ചെന്നും ഇസ്രയേല്‍ അറിയിച്ചു.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ ’12 ദിവസത്തെ യുദ്ധ’മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അവകാശവാദത്തിനിടെയും ഇറാന്‍ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു . ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനം ആക്രമിക്കപ്പെട്ടെന്ന് അല്‍ സുമരിയ ടി വി നെറ്റ്‌വര്‍ക്കിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.. പ്രവിശ്യാ തലസ്ഥാനമായ നസിരിയയ്ക്ക് അടുത്താണ് ഇമാം അലി വ്യോമപാത സ്ഥിതി ചെയ്യുന്നത്.
ഇറാഖിലെ ബലാദ് സൈനികതാവളത്തിലും ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ആക്രമണത്തില്‍ പരിക്കുകളൊന്നുമില്ല. ബലാദില്‍ രണ്ട് സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിലെ താസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിലും ഇറാന്‍ ആക്രമണം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എക്‌സില്‍ കുറിച്ചു.
ഖത്തറിലെ അല്‍-ഉദൈദിലെ യുഎസ് താവളം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ പ്രതികരിച്ചു. ആക്രമണം ഖത്തറും സ്ഥിരീകരിച്ചിട്ടുണ്ട്.
അവസാന നിമിഷം വരെ ഇസ്രയേലിനെ ആക്രമിച്ചുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. അവസാന രക്തം വരെ തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ധീരരായ സേനകളോട് എല്ലാ ഇറാനികളോടുമൊപ്പം നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുളള നടപടികള്‍ ഊര്‍ജ്ജിതമാക്കി വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷന്‍ സിന്ദുവിലൂടെ അഞ്ച് സംഘങ്ങളിലായി ഇതുവരെ 1,117 പേരെ നാട്ടിലെത്തിച്ചു. ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി ഇറാനില്‍ നിന്നും ഇന്ത്യക്കാരുമായി എത്തും.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികള്‍ ത്വരിതഗതിയിൽ നടന്നു. ഓപ്പറേഷന്‍ സിന്ദുവിന്റെ ഭാഗമായി ഇതുവരെ അഞ്ച് വിമാനങ്ങളാണ് ദില്ലിയിലെത്തിയത്. 1117 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.