രഞ്ജിതയ്ക്ക് നാടിന്നു വിട നൽകും; മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആ‍ർ അനിൽ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവ‍ർ വിമാനത്താവളത്തിൽ എത്തി അന്തിമോപചാരം അ‍ർപ്പിച്ചു.

ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളിൽ പൊതുദർശനത്തിനു വെയ്ക്കും. സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഇന്നലെ അമ്മയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.

രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിച്ചു.

പൊതുദർശനം നടക്കുന്ന സ്കൂളിന് പുറത്ത് ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യുപി സ്കൂളിന് കളക്ടർ അവധി പ്രഖ്യാപിച്ചു. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിട്ടു.

സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്.

ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു.

വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു. ബി ജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികളും സ്‌പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സാധാരണക്കാരും അപകടത്തിൽ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *