ഇറാൻ മിസൈൽ ആക്രമണം : ഖത്തര്‍ വ്യോമ പാത തുറന്നു;തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകൾ പുനഃസ്ഥാപിച്ചു

ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുമുണ്ട്

ഖത്തര്‍ : ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ അടച്ചിട്ടിരുന്ന ഖത്തറിന്റെ വ്യോമപാത തുറന്നു.ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പൗരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് വ്യോമപാത അടച്ചിരുന്നതെന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.നിലവില്‍ ആക്രമണ സംഭവങ്ങളൊന്നും ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഖത്തര്‍ നിവാസികള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുളള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാര്‍ത്തകളില്‍ ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ ഭരണകൂടം അറിയിച്ചു. നേരത്തെ, ഖത്തറിലെ അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്ക അവരുടെ പൗരന്മാര്‍ക്ക് നല്‍കുന്ന നിര്‍ദേശം മാത്രമാണ് അതെന്നും രാജ്യത്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി ഖത്തറും രംഗത്തെത്തിയിരുന്നു. ഇറാന്റെ ഭാഗത്തുനിന്നും തിരിച്ചടിയുണ്ടായേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഖത്തറിന് പുറമേ കുവൈത്തും ബഹ്‌റൈനും തങ്ങളുടെ വ്യോമപാതകള്‍ തുറന്നതായും റിപ്പോര്‍ട്ടുണ്ട്. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും സാധാരണനിലയിലായി.

ഖത്തര്‍ വ്യോമപാത തുറന്നതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നുള്ള ചില വിമാന സര്‍വീസുകൾ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ് എമിറേറ്റ്‌സ് വിമാനം, തിരുവനന്തപുരം – അബുദാബി എത്തിഹാദ്, തിരുവനന്തപുരം – ഷാര്‍ജ എയര്‍ അറേബ്യ എന്നിവ പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചയാണ് വിമാനങ്ങള്‍ എത്തിയതും പുറപ്പെട്ടതും.

എന്നാൽ ഖത്തർ വ്യോമപാതയിൽ പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുമുണ്ട്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എട്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ അഞ്ച് വിമാനങ്ങളും ഖത്തർ എയർവെസിന്റെയും കുവൈത്ത് എയർവേയ്സിൻ്റെയും ഇൻഡിഗോയുടെയും ഓരോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങൾ ആണ് റദ്ദാക്കിയത്. സാഹചര്യം കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ടി അധിക സീറ്റുകളും കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നിന്നും കരിപ്പൂരില്‍ നിന്നും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ AI 953 കൊച്ചി ദോഹ, AI 933 കൊച്ചി – ദുബായ്, A1 934 ദുബായ് – കൊച്ചി എന്നീ വിമാനങ്ങളും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 441 കൊച്ചി – മസ്‌ക്കറ്റ്, IX 475 കൊച്ചി – ദോഹ, IX 461 കൊച്ചി -കുവൈത്ത് എന്നീ വിമാനങ്ങളുമാണ് കൊച്ചിയിൽ നിന്ന് റദ്ദാക്കിയത്. 8.15 ന് പുറപ്പെടേണ്ട IX 954 – കുവൈത്ത് – കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 9.55 ന് പുറപ്പെടും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദോഹ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ബഹ്റൈന്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദുബൈ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് – റാസല്‍ ഖൈമ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് – റിയാദ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദമാം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് – അബുദാബി, എയര്‍ ഇന്ത്യ എക്‌സ്പ്രസ് – മസ്‌കറ്റ് എന്നീ വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *