ക്രിപ്റ്റോ കറന്‍സി തട്ടിപ്പു സംഘത്തിലെ പ്രധാനിയെ തട്ടിപ്പിനിരയായയാള്‍ പോലീസ് സഹായത്തോടെ പിടികൂടി. തമിഴ്നാട് സ്വദേശി രമേശിനെ( 38 )നെയാണ് വാണിമേല്‍ സ്വദേശി അര്‍ഷാദ് കുടുക്കിയത്.
ടെലഗ്രാം ഗ്രൂപ്പിലൂടെ രമേശുമായി ക്രിപ്റ്റോ കറന്‍സി ഇടപാടു നടത്തിയ അര്‍ഷാദ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതിയുടെ എക്കൗണ്ടിലേക്ക് 6.5 ലക്ഷം രൂപ കൈമാറിയിരുന്നു. എന്നാല്‍ വാദ്ഗാനം ചെയ്ത പോലെ ക്രിപ്റ്റോ കറന്‍സിയോ പണമോ ലഭിച്ചില്ല. ടെലഗ്രാം ഗ്രൂപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു.
പ്രതികളുടെ ടെലഗ്രാം ഗ്രൂപ്പില്‍ പുതിയ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പുതിയ കസ്റ്റമര്‍ എന്ന രീതിയില്‍ കയറിയ അര്‍ഷാദ് ഇടപാടുകള്‍ നടത്തി അടുപ്പമുണ്ടാക്കിയ ശേഷം ഏഴ് ലക്ഷത്തിലധികം രൂപയുടെ ക്രിപ്റ്റോ കറന്‍സി ആവശ്യപ്പെടുകയും ഇടപാടിനായി കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഈ വിവരം പോലീസിലും അറിയിച്ചു. പാനൂരില്‍ എത്തിയ ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.