രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തെ ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഏറ്റു പിടിച്ച് വിദ്യാര്‍ഥി സംഘടനകളായ എബിവിപിയും എസ്എഫ്ഐയും ഇന്ന് തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങി. എബിവിപി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ കരിങ്കൊടി കാട്ടിയപ്പോള്‍ എസ്എഫ്ഐ രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ് അടക്കമുള്ളവരാണ് മന്ത്രിയെ കരിങ്കൊടി കാട്ടിയത്. മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കുറച്ചുനേരത്തേക്ക് മന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ നിര്‍ത്തിയിട്ടു. പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് പിന്നീട് യാത്ര തുടര്‍ന്നത്.
ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ രാജ്ഭവനും പങ്കുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. എബിവിപി പ്രവര്‍ത്തകര്‍ വാഹനം ആക്രമിച്ചു. കാറിലെ ദേശീയ പതാക വലിച്ചുകീറി. രാജ്ഭവന് അറിഞ്ഞുകൊണ്ടാണോ ഈ പ്രതിഷേധമെന്ന് സംശയമുണ്ട്. റോഡില്‍ പതിയിരുന്നാണ് 15 ഓളം വരുന്ന എബിവിപി പ്രവര്‍ത്തകര്‍ വാഹനത്തെ ആക്രമിച്ചത്. പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് ദുഷ്ടലാക്ക് ആണെന്നും മന്ത്രി പ്രതികരിച്ചു.
തുടര്‍ന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.

ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറും ഏന്തിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് എത്തിയത്. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരുന്നു. രാജ്ഭവന് പരിസരത്തേയ്ക്ക് എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ അവിടെ നിന്ന് മാറ്റിയത്. ഭരണഘടനയുടെ താളുകള്‍ ഗവര്‍ണറെ പഠിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. ആര്‍എസ്എസിന്റെ തറവാട് സ്വത്തല്ല കേരളം എന്നും അതിന്റെ പേരില്‍ പണിതതല്ല രാജ്ഭവന് എന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു. രാജ്ഭവന് അകത്തേക്ക് കയറാന്‍ തങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ലെന്നും ഇപ്പോള്‍ വേണ്ടെന്ന് വെക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.