അറബ് ഭൂരിപക്ഷ പ്രദേശങ്ങളെ മനുഷ്യകവചമാക്കി ഇസ്രായേല്‍
തെക്കന്‍ ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ടെക് പാര്‍ക്കില്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണം. ഇസ്രായേല്‍ നഗരമായ ബീര്‍ ഷെവയിലെ ഒരു ടെക് പാര്ക്കിന് സമീപം ഇറാനിയന്‍ മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്കായി കെട്ടിടങ്ങള്‍ തിരച്ചില്‍ നടത്തുകയാണെന്ന് ഇസ്രായേലിന്റെ അടിയന്തര സേവന ഏജന്‍സിയായ മാഗന്‍ ഡേവിഡ് അഡോം (എംഡിഎ) അറിയിച്ചു.
അതേസമയം, ഇസ്രായേല്‍ ഭരണകൂടം വടക്കന്‍ മേഖലയിലെ അറബ് സമൂഹത്തെ യുദ്ധത്തില്‍ മനുഷ്യ കവചങ്ങളാക്കി ഉപയോഗിക്കുകയാണെന്ന് ആരോപണമുയര്‍ന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി ഇറാന് നടത്തിയ മിസൈല്‍ വര്‍ഷങ്ങളില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായത് വടക്കന്‍ ഇസ്രായേല്‍ നഗരമായ ഹൈഫയിലായിരുന്നു. ഹൈഫയില്‍ ഇപ്പോഴും അറബ് ഭൂരിപക്ഷമുള്ള ചുരുക്കം പ്രദേശങ്ങളിലൊന്നാണ് തമ്ര. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇറാന് മിസൈല്‍ ആക്രമണം വലിയ നാശം വിതച്ച പ്രദേശങ്ങളിലൊന്ന് തമ്ര ആയത് യാദൃച്ഛികമായിരുന്നില്ലെന്നാണ് സിഎന്‍എന്‍, ദി ഗാര്ഡിയന്, യുറോന്യൂസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വലിയ നാശനഷ്ടങ്ങളാണു മേഖലയില്‍ ഒന്നാകെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈഫയിലെ അറബ് ഭൂരിപക്ഷ പ്രദേശമായ തമ്രയില്‍ അതിന്റെ വ്യാപ്തി വലുതാകുന്നത് സ്വാഭാവികമാണെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് ഇസ്രായേല്‍ പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമായി ഒരു തരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളോ എയര്‍ ഡിഫന്‍സ് സന്നാഹങ്ങളോ ആ അറബ് മേഖലയിലില്ല. ജനങ്ങള്‍ക്ക് മാറാനായി ബോംബ് ഷെല്‍ട്ടര്‍ സജ്ജീകരണങ്ങളും അവിടെ വേണ്ടത്രയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.