ഫിഫ ക്ലബ് ലോകകപ്പിൽ ലയണൽ മെസ്സിയുടെ കിടിലൻ ഫ്രീ കിക്ക് ഗോളിൽ ഇന്റർ മയാമിക്ക് ജയം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് എഫ്സി പോർട്ടോയെയാണ് ഇന്റർ മിയാമി തോൽപിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മെസ്സിയുടെ സംഘം രണ്ട് ഗോൾ തിരിച്ചടിച്ചത്. എട്ടാം മിനിറ്റിൽ മയാമിയെ ഞെട്ടിച്ച് പെനൽറ്റിയിലൂടെ പോർട്ടോ ആദ്യം വലകുലുക്കി. സാമു അഗീഹോവയാണ് ഗോൾ സ്കോറർ.
ഒരു ഗോളിന് പിന്നിൽ നിന്ന മയാമി രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. 47ാം മിനിറ്റിൽ ടെലസ്കോ സെഗോവിയ ആതിഥേയ ക്ലബിനായി സമനിലപിടിച്ചു. 54ാം മിനിറ്റിലായിരുന്നു മെസ്സിയുടെ മാജിക്കൽ ഗോൾ വന്നത്. ബോക്സിന് പുറത്തുനിന്ന് കർവ് ചെയ്തുള്ള വിന്റേജ് മെസ്സി ഗോൾ ഇന്ററിന് ജയമൊരുക്കുകയും ചെയ്തു. മയാമിക്കായി മെസ്സി നേടുന്ന അൻപതാമത് ഗോളാണ് ഇത്.