ഡിജിപിയാകാന്‍ റവാഡ ചന്ദ്രശേഖര്‍, മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കേരളം നല്‍കിയ പട്ടികയില്‍ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വിശദമായ ചര്‍ച്ച നടത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നത്. റവാഡ ചന്ദ്രശേഖര്‍ കേരളത്തിലേക്ക് വരുമെന്ന സൂചനകള്‍ ശക്തമാണ്.
സംസ്ഥാന പൊലീസ് മേധാവിയെ നിശ്ചയിക്കുന്ന യുപിഎസ്സി യോഗത്തില്‍ പട്ടികയിലുള്ളവരെക്കുറിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടും പരിഗണിക്കും. സംസ്ഥാനം ഓരോ ഓഫിസര്‍മാരുടെയും പൂര്‍ണവിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കിയതിന് പുറമേ ഇന്റലിജന്‍സ് ബ്യൂറോ ഓരോ ഓഫിസറെയുംകുറിച്ച് രഹസ്യമായി അന്വേഷിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് യുപിഎസ്സി യോഗത്തില്‍ വെക്കും കര്‍ണാടക പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിന് നടക്കേണ്ട യോഗവും നടന്നില്ല. അതിനു ശേഷമാണ് കേരളത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.
ഡിജിപി നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം എന്നിവരെയുള്‍പ്പെടുത്തിയാണ് കേരളത്തിന്റെ പട്ടികയിലുള്ള ഡി ജി പിമാര്‍. ഇതില്‍ ആദ്യത്തെ 3 പേര്‍ക്കാണ് മുന്‍ഗണന. 3 പേരുടെ ചുരുക്കപ്പട്ടികയില്‍നിന്ന് ആരെയെങ്കിലും ഒഴിവാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ഉണ്ടായാല്‍ നാലാമനായ മനോജ് ഏബ്രഹാം പട്ടികയിലെത്തും. റവാഡ ചന്ദ്രശേഖറിനെ കേന്ദ്രത്തില്‍ തുടരാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചാല്‍ മാത്രമേ അദ്ദേഹം വരാതിരിക്കാന്‍ സാധ്യതയുള്ളു. നിലവില്‍ അക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *