ഇറാനിലെ പ്രധാന ആണവനിലയമായ അരാക് ഹെവി വാട്ടര്‍ റിയാക്ടര്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തതോടെ എല്ലാ കണ്ണുകളും ഇറാനിലെ ബുഷെഹര്‍, ഫോര്‍ഡോ ആണവനിലയങ്ങളിലേക്ക്.
ഇറാനില്‍ പുറംലോകത്തിന് അറിവുള്ളതില്‍ പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളാണ് ഫോര്‍ഡോ, അരാക് (ഖോന്ഡബ്), നതാന്‍സ്, ഇസ്ഫഹാന്, ബുഷെഹര്‍ എന്നിവ. നതാന്‍സിലെ ഭൂഗര്‍ഭ രഹസ്യ ടണലുകള്‍ അടക്കം ആക്രമിക്കപ്പെട്ടെന്ന് ഇറാന് പറയുന്നു. ഇസ്ഫഹാനിലും ആക്രമണമുണ്ടായി. എന്നാല്‍ ഇവിടുത്തെ നാശനഷ്ടങ്ങളുടെ തോത് വ്യക്തമല്ല.
ഫോര്‍ഡോയിലെ ഭൂഗര്‍ഭ രഹസ്യ ടണലുകള്‍ ആക്രമിക്കാന്‍ ബങ്കറുകളിലേക്ക് തുളച്ചുകയറാന്‍ ശേഷിയുള്ള ഭീമന് ബോംബുകള്‍ ആവശ്യമാണ്. ഇത്തരം മിസൈലുകള്‍ ഇസ്രയേലിന്റെ പക്കലില്ലെന്നാണ് യുദ്ധവിദഗ്ധര്‍ പറയുന്നത്. യു.എസിന്റെ ജി.ബി.യു – 28 ആണ് ഇതിന് ശേഷിയുള്ള ആയുധം. അമേരിക്ക യുദ്ധത്തില്‍ ഇടപെട്ടാല്‍ മാത്രമേ ഇത് പ്രയോഗിക്കാന്‍ സാധിക്കൂ. എന്നാല്‍ അമേരിക്ക യുദ്ധത്തിനിറങ്ങിയാല്‍ റഷ്യയും ചൈനയും ഇറാനു വേണ്ടി പ്രതിരോധത്തിനിറങ്ങാനുള്ള സാധ്യത മുന്നിലുണ്ട്. സൈനിക ഇടപെടല്‍ നടത്താനുള്ള അമേരിക്കന്‍ നീക്കം വളരെ അപകടകരമാണെന്നും പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി തുറക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ പ്രവര്‍ത്തനം തുടരുന്ന ഇറാനിലെ ഏക ആണവ പവര്‍ പ്ലാന്റ് ആണ് ബുഷെഹര്‍. റഷ്യയില്‍ നിന്നുള്ള ഇന്ധനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ബുഷെഹറില്‍ ഇറാന് ആക്രമണം നടത്തിയാല്‍ റഷ്യ വെറുതിയിരിക്കില്ലെന്നാണ് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇറാനിലെ ബുഷെഹര്‍ ആണവനിലയത്തിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ അത് ചെര്‍ണോബില്‍ മാതൃകയിലുള്ള ദുരന്തത്തിന് ഇടയാക്കുമെന്ന് റഷ്യയുടെ ആണവോര്‍ജ്ജ കോര്പ്പറേഷന് മേധാവി മുന്നറിയിപ്പ് നല്കി.

ടെഹ്റാനില്‍നിന്ന് 250 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ടാണ് അരാക് ആണവനിലയം സ്ഥിതിചെയ്യുന്നത്. ഇസ്രായേലിന്റെ ആക്രമണത്തില്‍ നിലയം തകര്‍ന്നെങ്കിലും അണുവികരണമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ സൈന്യം സമൂഹമാധ്യമത്തിലൂടെ നിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും ആളുകളോട് ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. അടുത്തവര്‍ഷത്തോടെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് ഇറാന് പദ്ധതിയിട്ടിരുന്നത്. ആണവായുധമുണ്ടാക്കാനായി പ്ലൂട്ടോണിയം സംസ്കരിച്ചെടുക്കാനാണ് ഈ നിലയത്തിലൂടെ ഇറാന് ലക്ഷ്യമിട്ടത്. കനത്ത ബോംബാക്രമണത്തെത്തുടര്‍ന്ന് അരാക്കിലെ റിയാക്ടര്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് റിപ്പോര്‍ട്ട്.