മോഹന്‍ലാലിന്റെ വീട്ടില്‍ താമസിക്കണോ ? നേരെ ഊട്ടിയിലേക്ക് വിടാം

ലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ ലാലിന്റെ വീട്ടില്‍ താമസിക്കാന്‍ മോഹമുണ്ടോ… എന്നാല്‍ ഒട്ടും താമസിക്കണ്ട നേരെ ഊട്ടിയിലേക്ക് വിട്ടോ..ഊട്ടിയിലെ മോഹന്‍ലാലിന്റെ ആഡംബരവസതിയില്‍ താമസിക്കാന്‍ സുവര്‍ണാവസരം. മൂന്ന് കിടപ്പുമുറികളും വിശാലമായ ഉദ്യാനവും ഉള്‍പ്പെടെ സൗകര്യങ്ങളുള്ള ബംഗ്ലാവിന് സാധാരണ നിലയില്‍ 37,000 രൂപയാണ് ഒരുരാത്രിയും പകലും തങ്ങാന്‍ വാടക ഈടാക്കുക.
ഹൈഡ്എവേ എന്ന് പേരിട്ടിരിക്കുന്ന വില്ല സ്വകാര്യവെബ്സൈറ്റാണ് വാടകയ്ക്ക് നല്‍കുന്നത്. മാസ്റ്റര്‍ ബെഡ്‌റൂമിനെ കൂടാതെയുള്ള രണ്ട് മുറികള്‍ക്കും മക്കളുടെ പേരാണ്. ഇതിന് പുറമേ ഒരു ലിവിങ് റൂമും ഒരു ഡൈനിങ് റൂമും ഫാമിലി റൂമും ടിവി ഏരിയയും ഇവിടെയുണ്ട്. മോഹന്‍ലാല്‍ ചിത്രങ്ങളായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ബറോസിലും ഉപയോഗിച്ച തോക്കുകളുടെ പകര്‍പ്പുകള്‍ സൂക്ഷിച്ച ഗണ്‍ ഹൗസും വീടിനോട് ചേര്‍ന്നുണ്ട്. വിശാലമായ പൂന്തോട്ടവും ഇവിടെ താമസിക്കുന്നവര്‍ക്ക് ഉപയോഗിക്കാം. ഫാമിലി റൂമില്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍നിന്നുള്ള 300-ലേറെ കാരിക്കേച്ചറുകളുമുണ്ട്.
പേഴ്സണല്‍ ഷെഫിന്റെ സേവനവും ഇവിടുത്തെ താമസക്കാര്‍ക്ക് ലഭ്യമാവും. 25 വര്‍ഷത്തോളമായി മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം പ്രവര്‍ത്തിച്ച ഷെഫിന്റെ സേവനം തന്നെയാണ് ഇവിടെ എത്തുന്ന അതിഥികള്‍ക്കും ലഭിക്കുക. കേരളീയഭക്ഷണം ഉള്‍പ്പെടെ ഇവിടെ ലഭിക്കും. പത്തുവര്‍ഷം മാത്രമാണ് ഈ ബംഗ്ലാവിന്റെ പഴക്കം. ഊട്ടിയില്‍നിന്ന് 15 മിനിറ്റ് യാത്ര ചെയ്താല്‍ ഈ ആഡംബരവസതിയില്‍ എത്താം.
നേരത്തെ മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലുള്ള വസതി സ്റ്റെക്കേഷനാക്കുന്നതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ വസതിയും അതിഥികള്‍ക്കായി തുറന്നു കൊടുക്കുന്നു എന്ന വാര്‍ത്ത വരുന്നത്. ആഡംബര ഹോട്ടലുകളില്‍ താമസിക്കുന്നതിന് പകരം ഇത്തരം സ്റ്റേക്കഷേനിലേക്ക് മാറാന്‍ ലഭിക്കുന്ന അവസരം പരമാവധി ആളുകള്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *