അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാറുണ്ടായതായി റിപ്പോര്‍ട്ട്. തകരാറുണ്ടായ സാഹചര്യത്തില്‍ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനും പരിശോധനയ്ക്കുമായി ബ്ലാക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കുമെന്നാണ് വിവരം. ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (ഡിഎഫ്ഡിആര്‍) വാഷിംഗ്ടണിലെ നാഷണല്‍ സേഫ്റ്റി ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡ് (എന്‍ടിഎസ്ബി) ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
അപകടമുണ്ടായതിനു പിറ്റേ ദിവസമായിരുന്നു ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വിമാനാപകടത്തിന് ശേഷമുള്ള വ്യാപകമായ തീപിടുത്ത നാശനഷ്ടങ്ങള്‍ കാരണം, ഇന്ത്യയില്‍ ഡാറ്റ വേര്‍തിരിച്ചെടുക്കല്‍ അസാധ്യമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ആസ്ഥാനത്ത് എഎഐബി ഒരു ലബോറട്ടറി സ്ഥാപിച്ചിരുന്നുവെങ്കിലും, കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച റെക്കോര്‍ഡറുകളില്‍ നിന്ന് ഡാറ്റ വേര്‍തിരിച്ചെടുക്കാന്‍ ഇതുവരെ അത് ശരിയായി സജ്ജീകരിച്ചിട്ടില്ല. 53 ബ്രിട്ടീഷ് പൗരന്മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതിനാല്‍, യുണൈറ്റഡ് കിംഗ്ഡത്തിലെ എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിലെ പ്രതിനിധികള്‍ വിശകലനത്തില്‍ പങ്കെടുക്കും.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് 242 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് പറയുന്നുയര്‍ന്ന ഉടനെ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടിഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് ഒഴികെ എല്ലാവരും മരിക്കുകയായിരുന്നു.









