നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തില്‍ സ്ഥാനാര്‍ഥികള്‍ തമ്മില്‍ കണ്ടപ്പോള്‍ കൗതുകകരമായ രംഗങ്ങളുണ്ടായി. മാനവേദന്‍ സ്‌കൂളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തന്റെ അടുത്തേക്ക് വന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ കെട്ടിപ്പിടുത്തം വേണ്ടെന്ന് പറഞ്ഞു. കെട്ടിപ്പിടിക്കരുതെന്ന് അന്‍വര്‍ പറഞ്ഞതോടെ ഷൗക്കത്ത് അന്‍വറിന് കൈകൊടുത്തു. ഉടന്‍ തന്നെ അന്‍വര്‍ മുഖം തിരിച്ച് പിന്‍മാറി. ധൃതരാഷ്ട്രാലിംഗനത്തിന്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് പ്രതികരിച്ച അന്‍വര്‍ താനൊരു പച്ചമനുഷ്യനാണെന്നും അഭിനയം അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
വീട്ടികുത്ത് ജിഎല്‍പിഎസില്‍ ബൂത്ത് സന്ദര്‍ശനത്തിനിടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും തമ്മില്‍ കണ്ടത്. ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ ഇരുവരും പരസ്പരം ആശ്ലേഷിച്ചും ആശംസ അറിയിച്ചുമാണ് പിരിഞ്ഞത്. അഭിനേതാക്കളുടെ കെട്ടിപ്പിടിത്തമാണ് സ്വരാജും ഷൗക്കത്തും തമ്മിലുണ്ടായതെന്നാണ് പി.വി.് അന്‍വര്‍ ഇതേക്കുറിച്ച് പറഞ്ഞത്.