കല്ലൂര്‍ക്കാട് എസ്ഐയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ഒന്നാം പ്രതി ഷെരീഫ് ഷംസുദീന്‍ മൂവാറ്റുപുഴ കോടതിയിലാണ് കീഴടങ്ങിയത്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഷെരീഫിനായി തിരച്ചില്‍ പുരോഗമിക്കുന്നിതിനിടെയാണ് കീഴടങ്ങല്‍. വാഹന പരിശോധനയ്ക്കിടെയാണ് എസ് ഐ മുഹമ്മദിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
റോഡില്‍ അസാധാരണ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാനാണ് കല്ലൂര്‍ക്കാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുഹമ്മദ് എത്തിയത്. ഈ സമയത്ത് കാറിനകത്തുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടുകയും മറ്റൊരാള്‍ പൊലീസ് ഉദ്യോഗസ്ഥരെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
ഗ്രേഡ് എസ് ഐ മുഹമ്മദിന്റെ ശരീരത്തിലൂടെ ഇയാള്‍ കാര്‍ കയറ്റിയിറക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. മുഹമ്മദ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.