കൊച്ചി : കൈക്കൂലിക്കേസിൽ ഇ.ഡി അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ വിജിലൻസ് മറുപടി നൽകിയേക്കും. കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നേരത്തെ സർക്കാരിനോട് നിർദേശിച്ചിരുന്നു . മറുപടി ചൊവ്വാഴ്ച്ചയ്ക്കുള്ളിൽ നൽകണമെന്നുള്ളതായിരുന്നു ഹൈക്കോടതിയുടെ അന്ത്യശാസനം
മറുപടിയ്ക്കായി വീണ്ടും സാവകാശം ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിന് കഴിഞ്ഞ തവണ ഹൈക്കോടതിയുടെ ഭാഗത്തു നിന്നും വിമർശനം നേരിടേണ്ടി വന്നിരുന്നു .കോടതി നിർദേശിച്ച പ്രകാരം വിജിലൻസ് ഇന്ന് കേസ് ഡയറി ഹാജരാക്കിയേക്കും .
ഇ.ഡി അന്വേഷിക്കുന്ന കേസുകൾ ഒതുക്കിത്തീർക്കാൻ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലിപ്പണം വാങ്ങിയെന്നാണ് കേസ്. എന്നാൽ താനന്വേഷിക്കുന്ന കേസിൽ പ്രതിയായ ആളുടെ മൊഴി മാത്രം കണക്കിലെടുത്താണ് വിജിലൻസിന്റെ നീക്കമെന്നും ആരോപണം വിശ്വാസ യോഗ്യമല്ലെന്നുമാണ് ശേഖർ കുമാറിന്റെ വാദം .