മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഇറാന് തലസ്ഥാനമായ ടെഹ്റാന്റെ ആകാശം ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ കൈയടക്കിയപ്പോള്‍ സൈനിക താവളവും ഇറാന് ദേശീയ ടെലിവിഷന്‍ ആസ്ഥാനവുമടക്കം സ്ഫോടനങ്ങളില്‍ വിറകൊണ്ടു. വനിതാമാധ്യമ പ്രവര്‍ത്തക വാര്‍ത്താ സ്റ്റുഡിയോയില്‍ തത്സമയ യുദ്ധ റിപ്പോര്‍ട്ടിംഗ് നടത്തുന്നതിനിടെ ദേശീയ ടെലിവിഷനായ ഐആര്‍ഐബി ആസ്ഥാനം ഇസ്രായേലിന്റെ മിസൈല്‍ ഏറ്റ് തകരുന്ന ദൃശ്യം ലോകമാകെ തത്സമയം കണ്ടു. സ്ഫോടനത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തെ തുടര്‍ന്ന് നിലച്ച ടിവി സംപ്രേഷണം മറ്റൊരു കേന്ദ്രത്തില്‍ നിന്ന് പുനരാരംഭിച്ചിട്ടുണ്ട്. വീണ്ടും ആക്രമണം നടത്താന്‍ അവതാരക ഇസ്രയേലിനെ വെല്ലുവിളിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് വാര്‍ത്താ അവതാരക പ്രതികരിച്ചു.
ഇസ്രയേല്‍ ആക്രമണത്തില്‍ തീപിടിച്ച ഐആര്‍ഐബി ചാനലിന്റെ ആസ്ഥാനത്തിന് മുന്നില്‍ നിന്നും ചാനല്‍ പ്രവര്ത്തകന് വാര്‍ത്ത തത്സമയം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ എത്ര സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നതില്‍ വ്യക്തതയില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്.
ടെഹ്റാന്റെ ആകാശം ഇസ്രായേല്‍ നിയന്ത്രണത്തില്‍
ഇറാന് തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. പിന്നാലെ ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇസ്രയേല്‍ പ്രതിരോധമന്ത്രിയാണ് ഔദ്യോഗിക മാധ്യമ സ്ഥാപനം ആക്രമിച്ചതായി സ്ഥിരീകരിച്ചത്. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടന്നു. ടെഹ്റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല്‍ പ്രതിരോധന സേന അവകാശപ്പെട്ടു.
ഇറാന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്ന കേന്ദ്രവും ഇസ്രയേല്‍ ലക്ഷ്യം വെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെ സര്‍ക്കാര്‍ കെട്ടിടങ്ങളെയും ഇസ്രയേല്‍ ലക്ഷ്യം വെച്ചു. ഇതിനിടെ ഇറാന്റെ പരമോന്നത മേധാവി ആയത്തൊള്ള ഖമേനി ബങ്കറിലേയ്ക്ക് മാറിയതായി റിപ്പോര്‍ട്ടുണ്ട്. ടെല്‍ അവീവില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന് ടെല്‍ അവീവ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഇസ്രയേല്‍ നഗരങ്ങളില്‍ അപായ സൈറണ്‍ മുഴങ്ങി.
മധ്യേഷ്യ ലക്ഷ്യമിട്ട് അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് നിമിറ്റ്സ് തെക്കന്‍ ഏഷ്യയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. മലാക്ക കടലിടുക്ക് വഴി ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്ക് യുഎസ്എസ് നിമിറ്റിസ് തിരിച്ചിട്ടുണ്ടെന്ന് കപ്പലുകളെ നിരീക്ഷിക്കുന്ന മറൈന്‍ ട്രാഫിക്ക് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.