ന്യൂഡൽഹി : രാജ്യത്തു കോവിഡിൻ്റെ പുതിയ വകഭേദം -എക്സ്എഫ്ജി (XFG), വ്യാപിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് കണ്ടെത്തി.കാനഡയിലാണ് ആദ്യം എക്സ്എഫ്ജി കേസുകൾ റിപ്പോർട്ട് ചെയ്തത്.
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കർണാടക, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികൾ കൂടുതലാണ്.
2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോൺ കുടുംബത്തിലാണ് എക്സ്എഫ്ജിയെ തരംതിരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്എഫ്ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നിൽ തമിഴ്നാടാണ്. 16 കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ ആറ് കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.