മായാവനവും ചില്ലു പാലത്തിലെ ആകാശ നടത്തവും; 900 കണ്ടി വിളിക്കുന്നു

വയനാട്ടിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് 900 കണ്ടി. വയനാട്, മേപ്പാടി ഗ്രാമപഞ്ചായത്തിനടു ത്തായാണ് 900 കണ്ടി സ്ഥിതി ചെയ്യുന്നത്. വനത്തിനു നടുവിലൂടെയുളള ഓഫ് റോഡ് യാത്രയാണ് കണ്ടിയിലേക്കുള്ള യാത്രയുടെ ഹൈലൈറ്റ്. വളവുകളും കയറ്റങ്ങളും കാൽനടയായും ബുള്ളറ്റിലും ജീപ്പുകളിലുമെല്ലാമായി 900 കണ്ടിയിൽ യാത്ര ആസ്വദിക്കാം.

വയനാട് മേപ്പാടിയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് 900 കണ്ടി. പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗമാണ്  900 കണ്ടി. അപൂർവമായ കൂറ്റൻ പൈൻ മരങ്ങൾക്കിടയിലൂടെ വലിയ മലകളും കുന്നുകളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച. 900 കണ്ടി വിസ്തൃതിയുള്ള ഒറ്റ പ്ലോട്ടിൽ ബ്രിട്ടീഷുകാർ പണ്ട് കാലത്തു നട്ടുവളർത്തിയതാണ് ഇവിടുത്തെ പൈൻ മരങ്ങൾ.

കണ്ടിയിലേക്കുള്ള  യാത്ര തന്നെ സാഹസികത നിറഞ്ഞതാണ്. വളഞ്ഞു പുളഞ്ഞ പോകുന്ന റോഡുകൾ, ഇടതൂർന്ന വനങ്ങൾ. പാറകെട്ടുകൾ, വെള്ളച്ചാട്ടങ്ങളും നീര്‍ച്ചാലുകളും കാട്ടുചോലകളും,, ചതുപ്പുകളും, നിറഞ്ഞ വഴികൾ.  കൂടാതെ തണുത്ത കാറ്റും  വനത്തിന്റെ പച്ചപ്പും യാത്രയെ ആനന്ദകരമായ ഒരു അനുഭവമാക്കി മാറ്റുന്നു.

തൊള്ളായിരം കണ്ടിയിലെ പ്രധാന ആകർഷണം ഇവിടുത്തെ ചില്ലു പാലം ആണ്. ചില്ലു പാലത്തിലൂടെ യുള്ള സ്കൈ വാക്കാണ് സഞ്ചാരികളെ പ്രധാനമായും ഇവിടേക്ക് ആകർഷിക്കുന്നത്. 100 അടി ഉയരത്തില്‍ നിര്‍മിച്ച പാലത്തിനു മുകളിലൂടെ നടക്കുമ്പോള്‍ ചുറ്റും മഞ്ഞിൽ പൊതിഞ്ഞ മല നിരകളും താഴ് വരകളും കാണാം. നേരെ താഴേക്ക് നോക്കിയാല്‍ ഇടതൂർന്ന കാട് കാണാം. 

ഒരേസമയം മൂന്നോ നാലോ പേർക്ക് മാത്രമേ പാലത്തിലൂടെ നടക്കാനാവൂ. പാലത്തിലൂടെ നടക്കാന്‍ സാധിക്കു. ഒരാള്‍ക്ക് ഏകദേശം അര മണിക്കൂര്‍ വരെ പാലത്തില്‍ ചിലവഴിക്കാം. ഒരാളിൽ നിന്ന് നൂറ് രൂപയാണ് ഫീസ് ഈടാക്കുന്നത്.  രാവിലെ 09 മുതൽ വൈകിട്ട് 06 വരെയാണ് സമയം. . 

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ചില്ലു പാലമാണ് 900 കണ്ടിയിലെ പാലം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ പ്രദേശത്താണ് ചില്ലു പാലം സ്ഥിതിചെയ്യുന്നത്. ഇറ്റലിയില്‍ നിന്നുള്ള പ്രത്യേക തരം ഫൈബര്‍ ഗ്ലാസുകൊണ്ടാണ്  ചില്ലു പാലം നിർമിച്ചിരിക്കുന്നത്. ചൈനയിലെ ഷാങ്ജിയാജിയിലാണ് ആദ്യമായി സ്കൈവാക്ക് പാലം  വന്നത്. ഇപ്പോള്‍ കേരളത്തിലുള്ളവര്‍ക്കും സ്‌കൈ വാക്ക് ആസ്വദിക്കാം. ഒക്ടോബർ -മാർച്ച്‌ വരെ യുള്ള സമയം ആണ് 900 കണ്ടി സന്ദർശിക്കാൻ പറ്റിയ സമയം. 

ഇത് കൂടാതെ,  സീനറിപ്പാറ, ചെമ്പ്ര കാന്തൻപാറ വെള്ളച്ചാട്ടം എന്നിവയെല്ലാം തൊള്ളായിരം കണ്ടിക്കരികിലെ മറ്റു ചില കാഴ്ചകളാണ്. കോഴിക്കോട് നിന്ന് വരുന്നവർക്ക് താമരശ്ശേരി ചുരം വഴി വൈത്തിരിയിലേക്ക് എത്താം. അവിടെ നിന്ന് മേപ്പാടി വഴി 900 കണ്ടിയിലേക്ക് കയറാം. കണ്ണൂരിൽ നിന്ന് വരുന്നവർക്ക് കൂത്തുപറമ്പ് വഴി മാനന്തവാടി കയറി അവിടെ നിന്നും കൽപ്പറ്റ വഴി 900 കണ്ടിയിലെത്താം.

ഫൊട്ടോ കടപ്പാട്: സാഹിൽ റഹ്മാൻ

Leave a Reply

Your email address will not be published. Required fields are marked *