തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകൾക്കും ഇനി മുതൽ സ്റ്റാർ പദവി. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ വിഭാഗങ്ങളിലേക്ക് കള്ള് ഷാപ്പുകൾക്ക് അപേക്ഷിക്കാം. ഇക്കാര്യം ചൂണ്ടികാട്ടി സ്ഥല സൗകര്യമുള്ളവരിൽ നിന്ന് താത്പര്യ പത്രം ക്ഷണിച്ചിരിക്കുകയാണ് ടോഡി ബോർഡ്. സ്വന്തമായി സ്ഥലമുള്ളവർക്കും പാട്ടത്തിന് സ്ഥലമെടുത്തവർക്കും സ്റ്റാർ പദവിക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ ടൂറിസം മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ടൂറിസം മേഖലകളായി സർക്കാർ വിജ്ഞാപനം ചെയ്ത മേഖലകളിലായിരിക്കും പഞ്ചനക്ഷത്ര ഷാപ്പുകൾ ആദ്യ ഘട്ടത്തിൽ തുറക്കുന്നത്. സെപ്റ്റംബർ 30 വരെയാണ് സ്റ്റാർ പദവികളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം.
വ്യക്തമായ നിബന്ധനകളും മാനദണ്ഡങ്ങളും മുൻനിർത്തിയാണ് ടോഡി ബോർഡ് പഞ്ച നക്ഷത്ര കള്ള് ഷാപ്പുകൾക്ക് താത്പര്യ പത്രം ക്ഷണിച്ചിരിക്കുന്നത്. കള്ള് ഷാപ്പിനൊപ്പം തന്നെ റെസ്റ്ററന്റ് സൗകര്യവും ഉണ്ടാകണം. അടുത്തടുത്താണെങ്കിലും ബാറുകളിലേത് പോലെ തന്നെ രണ്ടിലേക്കും പ്രത്യേക വഴിയുണ്ടാകണം. 20 സീറ്റുകളും, 400 ചതുശ്ര ഏരിയയുമാണ് ഷാപ്പുകള്‍ക്ക് വേണ്ടത്. ശുചിമുറികളും കുട്ടികൾക്കായി പാർക്കും ഉണ്ടായിരിക്കണം. ഇതോടൊപ്പം തന്നെ ബോർഡ് വിജ്ഞാപനമിറക്കിയിരിക്കുന്ന ഭക്ഷണം നൽകുമെന്ന് ഉറപ്പു നൽകണം.
കള്ളിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ ബോർഡ് മുന്നോട്ട് വെച്ചിട്ടുണ്ട്. ബ്കാരി ചട്ടപ്രകാരം ഷാപ്പ് നടത്താനുള്ള തെങ്ങുകളുണ്ടാകണം. തെങ്ങുകളില്ലാതെ പശ്ചാത്തല സൗകര്യമാത്രമാണുള്ളതെങ്കിൽ ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നിന്നും ബോർഡ് ഇടപെട്ട് കള്ള് പഞ്ചനക്ഷത്ര ഷാപ്പുകളിലെത്തിക്കും. കള്ള് കുപ്പികളിലാക്കി വിൽപ്പന നടത്തുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നതായി ബോർഡ് ചെയർമാൻ യു.പി.ജോസഫ് പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. ബോർഡ് പരിശോധിച്ച് സ്റ്റാർ പദവി നൽകും.
അതേസമയം, കള്ള് കുപ്പികളിലാക്കി വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്ന പദ്ധതിയുമാണ് ടോഡി ബോർഡിന്റെ പരിഗണനയിലുള്ളത്. കള്ളു ചെത്താനുള്ള പരിശീലനം, ഷാപ്പിലെ തൊഴിലാളികള്‍ എന്നിവയും നടത്തിപ്പുകാർക്ക് ആവശ്യമെങ്കിൽ ബോർഡ് നൽകും. ആറു വർഷത്തേക്കാണ് സ്റ്റാർ പദവി നൽകുന്നത്. കള്ളിന്റെ മൂല്യവർദ്ധിത ഉൽപ്പനങ്ങളാണ് അടുത്ത ലക്ഷ്യമെന്നും ബോർഡ് ചെയർമാൻ പറയുന്നു. കള്ള് കേടുകൂടാതെ കുപ്പികളിലാക്കി സ്റ്റോളുകള്‍ വഴി വിൽപ്പന നടത്താനായി കമ്പനികളെ ക്ഷണിക്കുന്ന കാര്യവും ടോഡി പരിഗണിക്കുന്നുണ്ട്.