ഡൽഹി : മ്യാൻമറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറിയും ലോകസഭാംഗമായ കെ സി വേണുഗോപാൽ വിദേശകാര്യമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു .മനുഷ്യക്കടത്ത് റാക്കറ്റിന് ഇരയായ 44 ഇന്ത്യക്കാരുടെ മോചനം ഇപ്പോഴും ആശങ്കയിലാണ് . 44 ഇന്ത്യൻ പൗരന്മാരിൽ 5 മലയാളികളും ഉൾപ്പെടുന്നു. ഇരകളെ ക്രൂരമായ ശാരീരിക ആക്രമണത്തിന് വിധേയരാക്കി എന്നാണ് സൂചന അവരുടെ ഫോണുകൾ ,പാസ്പോർട്ടുകൾ,മറ്റു വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു .
കാസർകോട് പടന്ന സ്വദേശി മഷൂദ് അലിയാണ് ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചത്. മഷൂദ് അലിക്കൊപ്പം മുറി പങ്കിട്ടിരുന്ന കൊല്ലം സ്വദേശി ജിഷ്ണുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായെന്നും വിവരമുണ്ട്. മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെട്ടതു സംബന്ധിച്ച് മഷൂദ് അലി പത്തുദിവസം മുൻപ് ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന പരാതിയും ഉയരുന്നു. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പരസ്യം വിശ്വസിച്ച് റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് കുടുങ്ങിയത്.
യൂറോപ്പ് ആസ്ഥാനമായുള്ള കമ്പനിയുടെ പാക്കിങ് വിഭാഗത്തിലേക്കാണ് ജോലിയെന്നു തെറ്റിദ്ധരിപ്പിച്ചാണ് ആളുകളെ കൊണ്ടുപോയത്. ഇവർ ഓരോരുത്തരിൽനിന്നും മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ സംഘം വാങ്ങുകയും ചെയ്തിരുന്നു. രണ്ടു മാസത്തെ വിസയും ടിക്കറ്റും നൽകി ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ച് ബാങ്കോക്കിൽ എത്തിച്ച് ജോലി ചെയ്യിപ്പിച്ചശേഷം അവിടെനിന്ന് യുകെയിലേക്കു മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇവരുടെ വലയിൽ അകപ്പെട്ടവരെ തട്ടിപ്പുസംഘം മ്യാൻമാറിലേക്കു മാറ്റുകയായിരുന്നു. തട്ടിപ്പുസംഘത്തെ എതിർക്കുകയോ ചോദ്യംചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ ക്രൂരമർദനം നേരിടേണ്ടിവരുന്നുവെന്നും മഷൂദ് അലി അധികൃതരെ അറിയിച്ചിരുന്നു. ഫോൺ,പാസ്പോർട്ട് എന്നിവ സംഘം കൈക്കലാക്കിയതിനാൽ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുമാകുന്നില്ല.മഷൂദ് അലിക്കൊപ്പം മുറി പങ്കിട്ടിരുന്ന കൊല്ലം സ്വദേശി ജിഷ്ണു നാട്ടിലേക്കു പോകണമെന്ന ആവശ്യവുമായി തട്ടിപ്പുകാരുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനുശേഷം ജിഷ്ണുവിനെ കാണാനില്ലെന്നും മഷൂദ് അലി അധികൃതരെ അറിയിച്ചു.