ന്യൂഡൽഹി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് പഹൽഗാം ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്. ഓപ്പറേഷൻ മഹാദേവിലൂടെ ഭീകരരെ വധിച്ച നടപടിയിൽ സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിച്ചു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു.
എന്തുകൊണ്ടാണ് ഓപ്പറേഷൻ മഹാദേവ് ?
ശ്രീനഗറിലെ മഹാദേവ് കൊടുമുടി സബർവാൻ പർവതനിരയുടെ ഭാഗമാണ്. തന്ത്രപരമായും മതപരമായും ഈ പ്രദേശം പ്രധാനപെട്ടതാണ്. സബർവാനിലെ പ്രധാന കൊടുമുടി കൂടിയാണ് മഹാദേവ്. ലിഡ്വാസും മുൾനാറും ഇവിടെ നിന്ന് ദൃശ്യമാണ്. അതുകൊണ്ടാണ് ഈ ഓപ്പറേഷന് ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ടത്.ഹിമാലയത്തിലെ സബർവാൻ കുന്നിൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഡാച്ചിഗാം. ഒരു വശത്ത് പുൽവാമ മുതൽ മറുവശത്ത് ഗന്ധർബാൽ ജില്ല വരെ ഇത് വ്യാപിച്ചുകിടക്കുന്നു. ഏകദേശം 141 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശം ഇടതൂർന്ന വനങ്ങൾ, ഉയർന്ന കുന്നുകൾ, ചരിവുകൾ, ഗുഹകൾ എന്നിവയാൽ സമ്പന്നമാണ്.
ശ്രീനഗറിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഡാച്ചിഗാം വനമേഖല, ലിഡ്വാസിലാണ് ഏറ്റുമുട്ടൽ നടന്നത്. തിങ്കളാഴ്ച രാവിലെ ലിഡ്വാസിൽ രണ്ടോ മൂന്നോ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സ്പെഷ്യൽ ഫോഴ്സ് 4 പാര, 24 നാഷണൽ റൈഫിൾസ് (ആർആർ) എന്നിവയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചത്.
ജമ്മു കശ്മീരിൽ, ഓപ്പറേഷൻ മഹാദേവിന്റെ കീഴിൽ, അമർനാഥ് യാത്രയ്ക്കിടെ, പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ ഡാച്ചിഗാമിന്റെ മുകൾ ഭാഗത്ത് നടന്ന ഭീകരമായ ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികളും ലഷ്കർ-ഇ-തൊയ്ബയിൽ നിന്നുള്ളവരാണ്.
രാത്രി വൈകിയും സൈന്യം ഔദ്യോഗികമായി ഇവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല, എന്നാൽ സൈനിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സുലൈമാൻ എന്ന ആസിഫ് ആണ്. മറ്റ് രണ്ട് പേർ ജിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം സോനാമാർഗ് തുരങ്ക ആക്രമണത്തിൽ ജിബ്രാൻ ഉൾപ്പെട്ടിരുന്നു. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഒരു അമേരിക്കൻ നിർമ്മിത എം4 കാർബൈൻ അസോൾട്ട് റൈഫിൾ, രണ്ട് എകെ സീരീസ് റൈഫിളുകൾ, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു.
പഹൽഗാം ആക്രമണത്തിൽ തീവ്രവാദികൾ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നതായി സ്പെഷ്യൽ ഫോഴ്സ് 4 പാരാ, 24 രാഷ്ട്രീയ റൈഫിൾസ് (ആർആർ) എന്നിവയ്ക്ക് സൂചന ലഭിച്ചതായി ഓപ്പറേഷനുമായി ബന്ധപ്പെട്ട ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെ, ഓപ്പറേഷൻ മഹാദേവ് ആരംഭിക്കുകയും പ്രദേശം വളയുകയും ചെയ്തു. തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന്, കൂടുതൽ സേനയെ വിളിക്കുകയും അവർക്ക് രക്ഷപ്പെടാൻ കഴിയാത്തവിധം വലയം ശക്തമാക്കുകയും ചെയ്തു. തങ്ങളെ വളഞ്ഞതായി കണ്ടപ്പോൾ, തീവ്രവാദികൾ വെടിവയ്ക്കാൻ തുടങ്ങി. ഏറ്റുമുട്ടലിൽ ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പുണ്ടായി, അതിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു.
ഏപ്രിൽ 22നാണ് പഹൽഗാമിൽ തീവ്രവാദികൾ 26 പേരെ കൊലപ്പെടുത്തയത് . തീവ്രവാദികൾ അവരുടെ മതം ചോദിച്ചതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു.