ധാക്ക: അയൽരാജ്യമായ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ഭീഷണിയുടെ നിഴലിൽ. ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷവേട്ടയ്ക്കെതിരേ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്പോഴും ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസഹമാകുന്നതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലു മുതലുള്ള 330 ദിവസങ്ങളിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗൾക്കെതിരേയുണ്ടായത് 2,442 കലാപങ്ങൾ.
ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ്-ക്രിസ്ത്യൻ യൂണിറ്റി കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. കലാപങ്ങളേറെയും ഉണ്ടായത് ഓഗസ്റ്റ് നാലിനും 20നും ഇടയിലായിരുന്നു. കൊലപാതകങ്ങൾ, കൂട്ടബലാത്സംഗങ്ങൾ, ആരാധനാലയങ്ങൾക്കുനേരേ ആക്രമണം, വീടുകളും ഭവനങ്ങളും പിടിച്ചെടുക്കൽ, മതനിന്ദക്കുറ്റം ചുമത്തിയുള്ള അറസ്റ്റ് തുടങ്ങിയവയാണ് ന്യൂനപക്ഷങ്ങൾ നേരിട്ടത്. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ സർക്കാർ അവഗണിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങളെ ഒഴിവാക്കുകയാണെന്നും ന്യൂനപക്ഷനേതാക്കൾ പറയുന്നു.