തിരുവനന്തപുരം :കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് സംസ്ഥാന വനം വകുപ്പ് കത്ത് നൽകി. കാട്ടുപന്നി ആക്രമണം കൂടുതൽ കണ്ടെത്തിയ വില്ലേജുകളിൽ എങ്കിലും കുറഞ്ഞതു ആര് മാസത്തേക്കെങ്കിലും പ്രഖ്യാപനം നടത്തണം എന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നതു.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം .കാട്ടുപന്നിയെ ക്ഷുദ്രജീവികളെ പ്രഖ്യാപിക്കണം എന്നീ ആവശ്യമുന്നയിച്ച് മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര വനം- പരിസ്ഥിതി വകുപ്പ് മന്ത്രാലയത്തിന് വീണ്ടും കത്തയച്ചു .സംസ്ഥാനം നേരിടുന്ന ഗുരുതരമായ വന്യജീവി പ്രശ്നങ്ങൾ ഉദ്ധരിച്ചുകൊണ്ട് ജൂൺ 6ന് വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോട് 1972-ലെ വന്യജീവിസംരക്ഷണ നിയമം കാലാനുസൃതമായ രീതിയിൽ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആക്രമണകാരികളായ വന്യമൃഗങ്ങളെ നേരിടുന്നതിന് നിലവിലുള്ള ചട്ടങ്ങൾ ,നടപടിക്രമങ്ങൾ, പ്രോട്ടോക്കോളുകൾ ,മാർഗ്ഗ നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ എന്നിവ ലളിതമാക്കണം എന്നും ആവശ്യപ്പെട്ടു .
എന്നാൽ മറുപടിയായി കിട്ടിയ കത്തിൽ ചില അസാധാരണ സാഹചര്യങ്ങൾ ഒഴികെ പട്ടിക ഒന്നിലും രണ്ടിലും ഉൾപ്പെടെ ഏതെങ്കിലും വന്യമൃഗങ്ങളെ വേട്ടയാടുന്നതു നിയമം മൂലം നിരോധിച്ചിട്ടുണ്ട് എന്നാണ് അറിയിച്ചിരുന്നത്.സംസ്ഥാനത്തു നിരന്തരം വന്യ ജീവികളുടെ ആക്രമണം നടക്കുന്നത് ജനങ്ങളുടെ ഇടയിൽ ഭീതി വളർത്തുന്ന സാഹചര്യമാണുള്ളത്.









