ന്യൂഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടിരിക്കെ കേസിലെ നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരിച്ചേക്കും. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസില്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പരിഗണിക്കുക. നിമിഷപ്രിയയുടെ മോചനശ്രമത്തിനായി യെമനിലെക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിൻ്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ യാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്നായിരുന്നു വിദേശ കാര്യമന്ത്രാലയത്തിന്‍റെ വിശദീകരണം. ഇക്കാര്യവും കേന്ദ്രം കോടതിയെ അറിയിച്ചേക്കും.
2008 ൽ യെമനിലെത്തിയ നിമിഷ പ്രിയ നിരവധി ആശുപത്രികളിൽ ജോലി ചെയ്ത ശേഷം, അവർ ഒടുവിൽ സ്വന്തം ക്ലിനിക്ക് തുറക്കുകയും 2014 ൽ തലാൽ അബ്ദു മഹ്ദിയുമായി ബന്ധപ്പെടുകയും ചെയ്തു. യെമനിലെ നിയമ പ്രകാരം ഒരു ബിസിനസ്സ് ആരംഭിക്കാൻ ഒരു തദ്ദേശീയനുമായി പങ്കാളിത്തം ഉണ്ടാവണം എന്നുണ്ടായിരുന്നു. അവർ തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് 2016-ൽ തലാൽ അറസ്റ്റിലായി. എന്നാൽ പിന്നീട് ജയിൽ മോചിതനായ അയാൾ നിമിഷപ്രിയയെ ഭീഷണിപ്പെടുത്തുന്നത് തുടർന്നു. 2018 യെമൻ പൗരനായ താലാലിനെ കൊലപ്പെടുത്തിയതിന് വിചാരണ കോടതി നിമിഷപ്രിയയെ ശിക്ഷിച്ചു. 2023 നവംബറിൽ രാജ്യത്തെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വധശിക്ഷ തീരുമാനം ശരിവച്ചു.









