ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിച്ചില്ല. കേസ് ബിലാസ്പൂരിലെ എൻ ഐ എ കോടതിയിലേക്ക് മാറ്റും. സെഷൻസിന്റെ പരിധിയിൽ വരുന്ന കേസല്ല എന്ന കാരണത്താലാണ് ദുർഗ് സെഷൻസ് കോടതി കേസ് തള്ളിയത്.
ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ കീഴ്ക്‌കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി കന്യാസ്ത്രീകൾ സെഷൻസ് കോടതിയെ സമീപിച്ചത്.
മനുഷ്യക്കടത്തും നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ചത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭാ നേതൃത്വത്തിൻ്റെ പ്രതിഷേധം ഇന്നും തുടരും.
തിരുവനന്തപുരത്ത് വിവിധ സഭാ നേതാക്കളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. കർദ്ദിനാൾ മാർ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷ് ക്രിസ്തുദാസ് എന്നിവർ റാലിയിൽ പങ്കെടുക്കും
അതേസമയം കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ കോടതിക്ക് മുന്നില്‍ പ്രധിഷേധം നടത്തി. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രംഗ്ദൾ പ്രവർത്തകർ അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മിണ്ടരുത്, മിണ്ടിയാൽ മുഖമടിച്ചുപൊളിക്കും എന്നാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലാകുന്നതിനു മുൻപ് മലയാളി കന്യാസ്ത്രീകളെ ബജ്റങ്ദൾ പ്രാദേശിക നേതാവ് ജ്യോതി ശർമ ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങളിൽ ഇക്കാര്യങ്ങൾ വ്യക്തമാണ്. ജ്യോതിയുടെയും സംഘത്തിന്റെയും ആൾക്കൂട്ട വിചാരണ നടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നതും കാണാം.
യുട്യൂബ് വിഡിയോ ഷൂട്ട് ചെയ്യാനായി വയർലെസ് മൈക്കും ജ്യോതി വസ്ത്രത്തിൽ ധരിച്ചിരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. യുവതിയുടെ സഹോദരനോട് നീ ഇവരെ ഡ്രോപ് ചെയ്യാനല്ല, ഇവരെ വിൽക്കാനാണ് വന്നതെന്ന്’ നന്നായി അറിയാമെന്നും ജ്യോതി പറയുന്നുണ്ട്.
കന്യാസ്ത്രീകളുടെ കാര്യത്തിൽ ചർച്ചക്ക് തയാറാകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധം രൂക്ഷമായി. ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ഇന്നും തള്ളി. ബഹളത്തെ തുടർന്ന് രാജ്യസഭ 12 മണി വരെ നിർത്തിവച്ചിരിക്കുകയാണ്.
കന്യാസ്ത്രീകളെ അന്യായമായാണ് തടങ്കലിൽ വെച്ചിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് എംപിമാർ തുടർച്ചയായ മൂന്നാം ദിവസവും രാജ്യസഭയിൽ നോട്ടീസ് നൽകുന്നത്. നോട്ടീസുകൾ പരിഗണിക്കുന്ന വേളയിൽ തന്നെ അത് ചർച്ചക്ക് യോഗ്യമല്ലെന്ന് പറഞ്ഞ് ചെയർമാൻ തള്ളുകയായിരുന്നു.
അതേസമയം മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂർ റെയിൽവേ പോലീസ് എടുത്ത കേസില്‍ രണ്ടു കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി. ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജിയാണ് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിയത്. മനുഷ്യക്കടത്ത് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ ജാർഖണ്ഡിൽ നിന്ന് എത്തിച്ച മൂന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ റെയിൽവേ പോലീസിന് കൈമാറിയിരുന്നു. തൃശ്ശൂരിലെ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ. .2022 ലാണ് സംഭവം.









