ന്യൂഡൽഹി: വീട്ടിൽ നിന്ന് നോട്ട് കെട്ടുകൾ കണ്ടെത്തിയ സംഭവത്തെ തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടി. യശ്വന്ത് വർമയെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടികൾ തുടങ്ങി എന്നും ഇംപീച്ച്മെന്റിനായി മൂന്നംഗ അന്വേഷണ സമിതിയെ നിയമിച്ചതായും സ്പീക്കർ ലോക്സഭയെ അറിയിച്ചു. വർമയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് എംപിമാർ നേരത്തെ ഇംപീച്ച്മെന്റ് നോട്ടിസ് നൽകിയിരുന്നു. ജസ്റ്റിസ് വർമ്മയ്‌ക്കെതിരായി 146 പാർലമെന്റ് അംഗങ്ങൾ ഒപ്പിട്ട ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിച്ചതിനെ തുടർന്നാണ് അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
മാർച്ചിൽ വർമയുടെ ഡൽഹിയിലെ വീട്ടിൽ നിന്ന് കത്തിനശിച്ച നോട്ട് കെട്ടുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർള ചൊവ്വാഴ്ച മൂന്നംഗ സമിതിയെ പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതിയിലെ ജസ്റ്റിസ് അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം എം ശ്രീവാസ്തവ, കർണാടക ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി വി ആചാര്യ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. അടുത്ത സമ്മേളനത്തിൽ റിപ്പോർട്ട് പരിഗണിക്കും.









