സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതിനാണ് നടപടി. നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. സമരക്കാര്‍ ബാരിക്കേഡുകള്‍ മറികക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷവും വാക്കേറ്റവുമുണ്ടായി. എസ്എഫ്‌ഐ മാര്‍ച്ചിന് പിന്നാലെ ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നൂറോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ഗവര്‍ണര്‍ വിളച്ചിലെടുക്കരുതെന്നും എസ്എഫ്ഐ ശക്തി അറിയാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിളിച്ചാല്‍ മതിയെന്നും നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്കെതിരെ നടപടി എടുത്ത് പുറത്താക്കുന്ന രീതി തെറ്റാണ്. അത് തിരുത്തിയില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ കാണേണ്ടി വരുമെന്നും ഇത് സൂചനാ പ്രതിഷേധമാണെന്നും നേതാക്കള്‍ പറഞ്ഞു.
രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സിലറുടെ നടപടിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും രംഗത്തെത്തി. വൈസ് ചാന്‍സിലര്‍ അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് കേരള സര്‍വകലാശാല വിസി ആ സ്ഥാനത്തെത്തിയതെന്നും വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാരതാംബ വിവാദത്തെ തുടര്‍ന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടിയിരുന്നു. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വിലയിരുത്തലിലായിരുന്നു രാജ്ഭവന്‍. സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പരിപാടി നിര്‍ത്തിവെക്കാന്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് സംഘാടകര്‍ക്ക് എതിരെ പരാതി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലായിരുന്നു രാജ്ഭവന്റെ നീക്കങ്ങള്‍. പരിപാടിയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായ വിശദീകരണം വേണമെന്ന് വിസി ആവശ്യപ്പെട്ടിരിന്നു. പരിപാടിയില്‍ ഏത് മതചിഹ്നമാണ് ഉപയോഗിച്ചതെന്ന് രജിസ്ട്രാര്‍ വിശദീകരിക്കണമെന്നും പിആര്‍ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാനും വിസി നിര്‍ദേശിച്ചിരുന്നു.
അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു മുഖ്യാതിഥി. 26 മാനദണ്ഡങ്ങള്‍ അടങ്ങിയ കരാര്‍ ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിസിയുടെ നിര്‍ദേശ പ്രകാരം പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നല്‍കിയത്. കരാറിലെ രണ്ടാമത്തെ വ്യവസ്ഥ പ്രകാരം ഹാളില്‍ മതപരമായ ചിഹ്നങ്ങളോ ആചാരങ്ങളോ നടത്താന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിപാടിക്ക് മുന്നോടിയായി സംഘാടകര്‍ ഹാളില്‍ സംഘ്പരിവാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുകയും പുഷ്പാര്‍ച്ച നടത്താന്‍ സൗകര്യം ഒരുക്കുകയും ചെയ്തു.
സംഭവം ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ഓഫീസറും പിആര്‍ഒയും വിഷയം രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെടുത്തി. സെനറ്റ് ഹാളിലെത്തിയ രജിസ്ട്രാര്‍ ചിത്രം എടുത്തുമാറ്റണമെന്നും അല്ലാത്ത പക്ഷം പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ പരിപാടിയുമായി സംഘാടകര്‍ മുന്നോട്ടുപോകുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്യുവും രംഗത്തെത്തി. സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ ഗവര്‍ണര്‍ ഇവിടേയ്ക്ക് എത്തുകയും പൊലീസിന്റെ അകമ്പടിയോടെ സെനറ്റ് ഹാളില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹാള്‍ അടച്ചു.പ്രതിഷേധക്കാരുടെ ശ്രദ്ധയില്‍ പെടാതെ മറ്റൊരു വാതിലിലൂടെ ഗവര്‍ണര്‍ മടങ്ങുകയും ചെയ്തു.









