ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

റായ്‌പൂർ: ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റു ചെയ്ത മലയാളി കന്യാസ്ത്രീകൾക്ക് ശനിയാഴ്ച ജാമ്യം അനുവദിച്ചു. പാസ്പോർട്ട് സറണ്ടർ ചെയ്യുക, അമ്പതിനായിരം രൂപയുടെ രണ്ടു ആൾ ജാമ്യം,രാജ്യം വിട്ടു പോകരുത് എന്ന ഉപാധികളോടെ ആണ് ജാമ്യം. ബിലാസ്പൂർ എന്‍ഐഎ കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്.

വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. പ്രോസിക്യുഷൻ ജാമ്യത്തെ എതിർത്തിരുന്നു. കേസിൽ ശനിയാഴ്ച വിധി പറയാൻ മാറ്റി വെക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. അറസ്റ്റിലായി ഒൻപതാം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിട്ടും ജാമ്യാപേക്ഷയെ എതിര്‍ത്ത നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്. ഇത് പാർട്ടിക്കിടയിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ടെന്നാണ് സൂചന.

അതേസമയം തങ്ങളെ ഉപദ്രവിച്ച ബജ്റങ്ദൾ പ്രാദേശിക നേതാവ് ജ്യോതി ശർമയ്ക്കെതിരെ പരാതി നൽകുമെന്ന് കന്യാസ്ത്രീയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ പറഞ്ഞു. മർദ്ദിച്ചതിലും ഭീഷണിപ്പെടുത്തിയതിലും പരാതി നൽകാനാണ് തീരുമാനം. മൊഴിയെടുത്ത ശേഷം പൊലീസ് വിട്ടയച്ച യുവതികൾ ഇപ്പോൾ നാരായൺപൂരിലാണുള്ളത്. പരാതി നൽകാൻ തീരുമാനമായതായി സിപിഐ എംപി പി സന്തോഷ് കുമാർ പറഞ്ഞു.

കന്യാസ്ത്രീകൾക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും നേരത്തെ തന്നെ തങ്ങൾ ക്രിസ്തു മത വിശ്വാസികൾ ആണെന്നും പെൺകുട്ടികൾ പറയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ബജ്റംഗ്‌ദളിൻ്റെയും പൊലീസിൻ്റെയും ആരോപണം തള്ളിയ ഇവർ, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇതടക്കം തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.

നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്,ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവർത്തിക്കുന്നോ?” എന്നാണ് സിസ്റ്റർമാരായ വന്ദന ഫ്രാൻസിസിനോടും പ്രീതി മേരിയോടും സംഘപരിവാർ സംഘം ചോദിച്ചതെന്നു പെൺകുട്ടികൾ പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ വച്ച് ബജറംഗ്ദൾ പ്രവർത്തകർ കൂടെയുണ്ടായിരുന്ന 19കാരനായ ആദിവാസി യുവാവ് സുഖ്മായ് മണ്ഡവിയെ പൊതിരെ തല്ലിയെന്നും അവർ പറഞ്ഞു.

മിണ്ടരുത്, മിണ്ടിയാൽ മുഖമടിച്ചുപൊളിക്കും എന്നാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലാകുന്നതിനു മുൻപ് മലയാളി കന്യാസ്ത്രീകളെ ബജ്റങ്ദൾ പ്രാദേശിക നേതാവ് ജ്യോതി ശർമ ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങളിൽ ഇക്കാര്യങ്ങൾ വ്യക്തമാണ്. ജ്യോതിയുടെയും സംഘത്തിന്റെയും ആൾക്കൂട്ട വിചാരണ നടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നതും കാണാം. യുട്യൂബ് വിഡിയോ ഷൂട്ട് ചെയ്യാനായി വയർലെസ് മൈക്കും ജ്യോതി വസ്ത്രത്തിൽ ധരിച്ചിരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. യുവതിയുടെ സഹോദരനോട് നീ ഇവരെ ഡ്രോപ് ചെയ്യാനല്ല, ഇവരെ വിൽക്കാനാണ് വന്നതെന്ന്’ നന്നായി അറിയാമെന്നും ജ്യോതി പറയുന്നുണ്ട്.

രോഗങ്ങൾ ഉള്ള രണ്ട് കന്യാസ്ത്രീകൾക്കും കട്ടിൽ പോലും ജയിലിൽ നൽകിയിരുന്നില്ല. കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രൽ ജയിലിൽ കുറ്റവാളികൾക്കൊപ്പമാണ് അവരെ പാർപ്പിച്ചിരുന്നത്.

ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.

Leave a Reply

Your email address will not be published. Required fields are marked *