സ്കോച്ച് വിസ്കിയുടെ വില കുത്തനെ കുറയും| സൗന്ദര്യവർധക വസ്തുക്കൾ, ചോക്ലേറ്റുകൾ, ബിസ്കറ്റുകൾ, സാൽമണ് മത്സ്യം, മെഡിക്കൽ ഉപകരണങ്ങൾ, കെമിസ്റ്റ് ഉത്പന്നങ്ങൾ, ഇലക്ട്രിക്കൽ സാധനങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ ഇല്ലാതാകും
ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ (ഫ്രീ ട്രേഡ് എഗ്രിമെന്റ്- എഫ്ടിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ലണ്ടനിൽ ഒപ്പുവയ്ക്കും. വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം ലണ്ടനിലുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കരാർ ഒരു വർഷത്തിനുള്ളിൽ നടപ്പിലാകും
ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്കുള്ള തീരുവ ഒഴിവാക്കും. സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, ചെരുപ്പ് എന്നിവയ്ക്കും യുകെ തീരുവ ചുമത്തില്ല. സോഫ്റ്റ്വെയർ, ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ഇന്ത്യൻ തൊഴിലാളികളിൽനിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നത്. ബ്രിട്ടനുമായി ഒപ്പിട്ട കരാറിന് കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു. എന്നാൽ ബ്രിട്ടീഷ് പാർലമെന്റ് കരാർ അംഗീകരിക്കേണ്ടതുണ്ട്. ഒരു വർഷത്തിനുള്ളിൽ കരാർ നടപ്പിലാകും.
സമഗ്ര സാന്പത്തിക, വ്യാപാര കരാർ നടപ്പാകുന്നതോടെ ബ്രിട്ടനിൽനിന്നുള്ള 90 ശതമാനം ഉത്പന്നങ്ങളുടെയും ഇന്ത്യയിൽനിന്നുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇരുരാജ്യങ്ങളും ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. മൂന്നു വർഷത്തെ ചർച്ചകൾക്കുശേഷം മേയ് ആറിനു പ്രഖ്യാപിച്ച കരാറിന്റെ വിശദാംശങ്ങൾ ഇന്നലെയാണു പുറത്തുവിട്ടത്. ഇരുരാജ്യങ്ങളും പരസ്പരം വിപണിയും വിവിധ തൊഴിൽ മേഖലകളും തുറന്നുകൊടുക്കുന്ന സുപ്രധാന കരാറാണു നടപ്പാകുന്നത്.
സ്കോച്ച് വിസ്കി ഒഴുകും
മലയാളികൾക്കു പ്രിയപ്പെട്ട സ്കോച്ച് വിസ്കിയുടെ വില കുത്തനെ കുറയും. യുകെ വിസ്കികളുടെ ഇറക്കുമതിത്തീരുവ ഉടൻ പ്രാബല്യത്തോടെ നേർപകുതിയായ 75 ശതമാനമാക്കും. വിസ്കി, ജിൻ എന്നിവയ്ക്കു പത്തു വർഷത്തിനുള്ളിൽ ഇറക്കുമതിത്തീരുവ വീണ്ടും 40 ശതമാനമാക്കി കുറയ്ക്കാനും ധാരണയിലുണ്ട്. യുകെ നിർമിത കാറുകളുടെ ഇറക്കുമതിക്ക് നിലവിലുള്ള 100 ശതമാനം തീരുവ 10 ശതമാനമായി കുറയ്ക്കാൻ ധാരണയുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ, ചോക്ലേറ്റുകൾ, ബിസ്കറ്റുകൾ, സാൽമണ് മത്സ്യം, മെഡിക്കൽ ഉപകരണങ്ങൾ, കെമിസ്റ്റ് ഉത്പന്നങ്ങൾ, ഇലക്ട്രിക്കൽ സാധനങ്ങൾ തുടങ്ങിയവ ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ ക്രമേണ ഇല്ലാതാകുകയും ചെയ്യും.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ യുകെയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഒട്ടുമിക്ക സാധനങ്ങളുടെയും വില കുത്തനേ കുറയുമെന്നതു മാത്രമല്ല, യുകെയിലേക്ക് വിവിധ ഉത്പന്നങ്ങളും സ്വതന്ത്രമായി കയറ്റി അയയ്ക്കാനും കരാർ പ്രാബല്യത്തിൽവരുന്നതോടെ കഴിയും. യുകെയിൽ ആയിരത്തിലേറെ ഇന്ത്യൻ കന്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യൻ കന്പനികൾക്ക് 1.73 ലക്ഷം കോടി രൂപയിലേറെ നിക്ഷേപം ബ്രിട്ടനിലുണ്ട്. 3.11 ലക്ഷം കോടി രൂപയുടെ നിക്ഷേപം യുകെ ആസ്ഥാനമായുള്ള വിവിധ കന്പനികൾക്ക് ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ആറാമത്തെ വലിയ വിദേശനിക്ഷേപക രാജ്യമാണു ബ്രിട്ടൻ.
യുകെ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി മാലിദ്വീപിലേക്കു പോകും. മാലിദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മോദി വിശിഷ്ടാതിഥിയായി പങ്കെടുക്കും.









