വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന സുംബ ഡാന്‍സ് പദ്ധതിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും എയ്ഡഡ് സ്‌കൂള് അധ്യാപകരുമായി കെ അഷ്‌റഫിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ടി.കെ. അഷ്‌റഫ് അധ്യാപകനായ എടത്തനാട്ടുകര പികെഎം യുപി സ്‌കൂള്‍ മാനേജര്‍ക്ക് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നോട്ടീസ് നല്‍കി. ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടത്തിയ അധ്യാപകനെതിരെ 24 മണിക്കൂറിനകം സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിന് നല്‍കിയിട്ടുള്ള നിര്‍ദേശം.

സ്‌കൂളുകളില്‍ സുംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ ടി.കെ. അഷ്‌റഫ് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇതേച്ചൊല്ലിയുള്ള വന്‍വിവാദത്തിന് തിരികൊളുത്തിയത്. ഈ പോസ്റ്റിന്റെ തുടര്‍ച്ചയായി മാതൃഭൂമി പത്രത്തിലെ ഒരു റിപ്പോര്‍ട്ട് ചേര്‍ത്ത് വച്ച് മറ്റൊരു പോസ്റ്റും പിന്നീട് ഇദ്ദേഹം ഫേസ്ബുക്കിലിടുകയുണ്ടായി. ഈ പോസ്റ്റിലാണ് ചട്ടലംഘനം ആരോപിക്കപ്പെട്ടിരിക്കുന്നത്.









