അഹമ്മദാബാദ് വിമാനാപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതായിരിക്കാമെന്ന് നിഗമനം. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് എ എ ഐ ബി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ടൈംസ് നൗ വാര്‍ത്തയില്‍ പറയുന്നു.
എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെടാനുള്ള സാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണസംഘം പഠനം നടത്തിയിരുന്നു. വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലാന്‍ഡിങ് ഗിയറിന്റെയും വിങ് ഫ്‌ലാപ്പുകളുടെയും പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. ഇവയല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍.
എന്നാല്‍ വിമാനത്തിലെ രണ്ട് എഞ്ചിനുകളും തകരാറിലാകുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന അടിയന്തര ഊര്‍ജ്ജ സ്രോതസ്സായ വിമാനത്തിന്റെ റാറ്റ് അപകടത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനസജ്ജമായതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഇത്, വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും തകരാറിലായിരിക്കാം എന്ന സാധ്യതയിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. ടേക്കോഫിന് പിന്നാലെ വിമാനത്തിന് ഉയരാന്‍ സാധിക്കാതെ വന്നതും പിന്നീട് കെട്ടിടത്തില്‍ ഇടിച്ചിറങ്ങുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ജി.ഇ കമ്പനിയുടെ ഇരട്ട എഞ്ചിനുകളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വൈദ്യുത തകരാര്‍, ഇന്ധനത്തിലെ മായം, എഞ്ചിന്‍ നിയന്ത്രണ സംവിധാനത്തിലുണ്ടായ അപാകത എന്നിവയെല്ലാം ചേര്‍ന്ന് എന്‍ജിന്‍ തകരാറിന് കാരണമായിട്ടുണ്ടോ എന്നും എഎഐബി പരിശോധിക്കുന്നുണ്ട്. എന്നാല്‍, അന്വേഷണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ജനറല്‍ ഇലക്ട്രിക് പ്രതികരിക്കാന്‍ തയ്യാറായില്ല. എയര്‍ ഇന്ത്യയും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇനിയും എഎഐബി പുറത്തുവിട്ടിട്ടില്ല.









